ഭക്ഷണം, ആരോഗ്യം, കുടുംബം - ഇറ്റലിയിൽ നിന്നും ചില പാഠങ്ങൾ...
പ്രധാനമന്ത്രിയുടെ ദേശത്തോടുള്ള സന്ദേശം കേൾക്കുകയായിരുന്നു. സാധാരണ ജനങ്ങളോട് അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ കാര്യങ്ങൾ പറയാനുള്ള അദ്ദേഹത്തിന്റെ കഴിവ് അതിശയകരമാണ്.
"നിങ്ങളുടെ കുറച്ച് ആഴ്ചകൾ എനിക്ക് വേണം" എന്ന് അദ്ദേഹം കഴിഞ്ഞ ദിവസത്തെ സംസാരത്തിൽ പറഞ്ഞപ്പോൾ തന്നെ രണ്ടാഴ്ച ലോക്ക് ഡൌൺ മണത്തതാണ്. ഇന്നലെ അദ്ദേഹം കൂടുതൽ കൃത്യമായി പറഞ്ഞു. "ഒന്നുകിൽ ഇരുപത്തി ഒന്ന് ദിവസം ഇപ്പോൾ കഷ്ടപ്പെടുക, അല്ലെങ്കിൽ നമ്മുടെ സ്ഥിതി ഇരുപത്തി ഒന്ന് വർഷം പുറകിലേക്ക് പോകും."
ലോകത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ മുപ്പത് ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു രാജ്യം, 125 കോടി ജനങ്ങൾ ഉള്ള രാജ്യം, പൂർണ്ണമായി ലോക്ക് ഡൌൺ ചെയ്ത ചരിത്രമില്ല. അതും ലോകത്തെ മറ്റുള്ള രാജ്യങ്ങളെല്ലാം തന്നെ ഇതേ വെല്ലുവിളി നേരിടുന്ന കാലത്ത്.
ലോകരാജ്യങ്ങൾ തമ്മിൽ ചരിത്രമുണ്ടായതിന് ശേഷം ഏറ്റവും കൂടുതൽ കൊടുക്കൽ വാങ്ങലുകൾ നടക്കുന്ന കാലമാണിത്. ഓരോയിടത്തെയും ഉല്പാദന രംഗങ്ങൾ ഏതാണ്ട് നിശ്ചലമാവുകയും പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ അത്യാവശ്യ വസ്തുക്കൾ മാത്രമായി ചുരുങ്ങുകയും ചെയ്യുന്ന ഒരു ലോകം എങ്ങനെയാണ് ഈ വെല്ലുവിളിയിൽ നിന്നും രക്ഷപ്പെടുന്നതെന്ന് ആർക്കും അറിയില്ല. അതേസമയം അതെല്ലാം അറിഞ്ഞിട്ട് തീരുമാനം എടുക്കാമെന്ന് തീരുമാനിക്കാനുള്ള സാവകാശവുമില്ല. ഒന്നുകിൽ ഇപ്പോൾ ഇരുപത്തി ഒന്ന് ദിവസം അല്ലെങ്കിൽ ഇരുപത്തി ഒന്ന് വർഷം എന്ന തരത്തിലുള്ള സാമാന്യ കണക്കുകൂട്ടലുകൾ അങ്ങനെ ഉണ്ടാകുന്നതാണ്, കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതും.
എല്ലാവർക്കും ഒറ്റയടിക്ക് കാര്യങ്ങൾ മനസ്സിലാകില്ല എന്നാണ് ഇന്നലത്തെ കേരളത്തിലെ അനുഭവങ്ങൾ പഠിപ്പിക്കുന്നത്. സന്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് ശേഷവും അനവധി പേർ 'ചുമ്മാ' റോഡിലിറങ്ങി !!. ഇവർക്ക് 'ഒറ്റയടി'ക്ക് മനസ്സിലാവാത്ത കാര്യങ്ങൾ ഒന്നിൽ കൂടുതൽ അടി നൽകി മനസ്സിലാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
ഇറ്റലിയിലെ അനുഭവ പാഠങ്ങൾ ഇവിടെ പ്രസക്തമാണ്. യൂറോപ്പിൽ യാത്ര ചെയ്യുന്പോൾ നമുക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നുന്ന ആളുകളാണ് ഇറ്റലിയിലുള്ളത്. കാരണം, ഇന്ത്യക്കാർക്ക് ഏറെ പരിചയം തോന്നുന്ന രാജ്യമാണത്. സ്വിറ്റ്സർലണ്ടിലും ജർമ്മനിയിലും ആളുകൾ എപ്പോഴും എവിടെയും നിയമങ്ങൾ അനുസരിക്കുന്പോൾ ഇറ്റലിയിൽ റോഡിലും റയിൽവെ സ്റ്റേഷനിലും ഏതാണ്ട് നമ്മുടേതു പോലെയാണ് സ്ഥിതി.
ഇറ്റലിയിലെ ഏറ്റവും സന്പന്നമായ വടക്കുഭാഗത്താണ് കൊറോണയുടെ കൂടുതൽ വ്യാപകമായ താണ്ഡവം ഉണ്ടായത്. ആട്ടോമൊബൈലുകളുടെയും ലക്ഷ്വറി വസ്തുക്കളുടെയും നിർമ്മാണ കേന്ദ്രം, ദശലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ വരുന്ന സ്ഥലം ഇതൊക്കെയായിരുന്നു ഈ പ്രദേശം. അതുകൊണ്ടു തന്നെ ലോകവുമായി എപ്പോഴും ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലം. ആരോഗ്യ സംവിധാനങ്ങൾ അത്യുത്തമം.
ഈ പ്രദേശത്ത് ലോക്ക് ഡൌൺ പ്രഖ്യാപിക്കാൻ തന്നെ വൈകി. പ്രഖ്യാപിച്ച ആദ്യ ദിനങ്ങളിൽ ഇന്ന് നമ്മൾ പെരുമാറുന്ന പോലെയാണ് ആളുകൾ പെരുമാറിയിരുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിന് വലിയ മാറ്റം വരുത്താതെ, അത്യാവശ്യം പുറത്തു പോയി, കൂട്ടുകൂടി വർത്തമാനം പറഞ്ഞാലൊന്നും കുഴപ്പം വരില്ല എന്നാണ് അവർ കരുതിയത്. പക്ഷെ മരണം ആയിരം കവിയുകയും പ്രതിദിനം അസുഖബാധിതരുടെ എണ്ണം ആയിരത്തിലേറെ കൂടുകയും ചെയ്തതോടെ ആളുകൾക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി.
"ഇപ്പോൾ ഇവിടെ ആളുകൾക്ക് മൂന്നു കാര്യങ്ങൾ മാത്രമാണ് മനസ്സിൽ ഉള്ളത്, ഭക്ഷണം, ആരോഗ്യം, കുടുംബം" എന്നാണ് ലോക്ക് ഡൌൺ രണ്ടാഴ്ച പിന്നിട്ട ഇറ്റാലിയൻ പ്രദേശങ്ങളിൽ നിന്നും ബി ബി സി റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ആളുകൾ സന്പൂർണ്ണമായി സഹകരിക്കുന്നു.
ഇത്രയുമേയുള്ളൂ കാര്യം. കാര്യങ്ങളുടെ ഗൗരവം ആളുകൾ മനസ്സിലാക്കണം. ഒന്നുകിൽ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒക്കെ പറയുന്നത് കേട്ട് മനസിലാക്കാം, അല്ലെങ്കിൽ മരണസംഖ്യ വായിച്ചും ആംബുലൻസിന്റെ ഒച്ച കെട്ടും മനസിലാക്കാം. മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ ആളുകൾ സഹകരിക്കും. ഇറ്റലിയിൽ കഴിഞ്ഞ മൂന്നു ദിവസമായിട്ട് കാര്യങ്ങൾ ശരിയായ ദിശയിലാണ്. സുരക്ഷിതമായി എന്ന് പറയാൻ വയ്യെങ്കിലും സർക്കാരുമായി പൂർണ്ണമായി ജനങ്ങൾ സഹകരിച്ചാൽ കാര്യങ്ങൾ നിയന്ത്രണത്തിലാക്കാം എന്നൊരു പ്രതീക്ഷയെങ്കിലും അത് നൽകുന്നുണ്ട്.
ഇവിടെയാണ് സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം. ആളുകളുടെ ആവശ്യം ഭക്ഷണം, ആരോഗ്യം, കുടുംബം എന്നീ മൂന്നു വിഷയത്തിലേക്ക് ചുരുങ്ങുന്പോൾ രാജ്യത്ത് എല്ലാവർക്കും ഭക്ഷണം കിട്ടുന്നുണ്ടെന്നും ഇനിയും കിട്ടുമെന്നും ഏറ്റവും വേഗത്തിൽ ഉറപ്പുവരുത്തണം. ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനവും ചരക്കു നീക്കവും സുഗമമാക്കണം, കടകളിൽ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും അമിത വിലയില്ലെന്നും ഉറപ്പു വരുത്തണം, ഭക്ഷണം വാങ്ങാൻ കഴിവില്ലാത്തവർക്ക് അതിനുള്ള സഹായം നൽകണം. ഇത്രയും ഉറപ്പാക്കിയാൽ തൊണ്ണൂറു ശതമാനം ആളുകളെയും ലോക്ക് ഡൗണുമായി സഹകരിപ്പിക്കാൻ പറ്റും. പ്രധാനമന്ത്രിയുടെ ബ്രീഫിംഗിൽ ഇക്കാര്യം ഉണ്ടായിരുന്നില്ല, ഔദ്യോഗിക തലത്തിൽ ഈ കാര്യങ്ങൾ ഉറപ്പുവരുത്തുമെന്നും എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്ന് ജനങ്ങളോട് പറയുമെന്നും പ്രതീക്ഷിക്കാം.
രണ്ടാമത്തേത് ആരോഗ്യ സംവിധാനങ്ങൾ ആണ്. സാധാരണഗതിയിൽ പോലും ആവശ്യത്തിന് ആരോഗ്യ സംവിധാനമുള്ള രാജ്യമല്ല നമ്മുടേത്. അതുകൊണ്ടു തന്നെ കേസുകളുടെ എണ്ണം കൂടിയാൽ വളരെ വേഗം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിമിതിക്ക് പുറത്തു പോകും. ലോക്ക് ഡൌൺ കൊണ്ട് കിട്ടുന്ന സമയം ഏറ്റവും വേഗത്തിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കാനും അത്യാവശ്യമുള്ളവരെ മാത്രം ആശുപത്രിയിൽ ചികിത്സക്കെത്തിക്കാനുമുള്ള പ്രോട്ടോക്കോൾ ഉണ്ടാക്കാനും നമ്മൾ ശ്രമിക്കണം. ഇതിനായി പ്രധാനമന്ത്രി പതിനയ്യായിരം കോടി രൂപയാണ് വകയിരുത്തിയത്. കൂടുതൽ വരും ദിവസങ്ങളിൽ വകയിരുത്തും എന്ന് കരുതാം.
പിന്നെ ബാക്കിയുള്ളത് കുടുംബത്തിന്റെ കാര്യമാണ്. ഇത് വ്യക്തികൾ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യമാണ്. ഇനി വരുന്ന ഇരുപത്തി ഒന്ന് ദിവസങ്ങൾ എല്ലാ കുടുംബങ്ങൾക്കും ക്ലേശത്തിന്റെ കാലമാണ്. എങ്ങനെയാണ് ഓരോ കുടുംബവും അത് കൈകാര്യം ചെയ്യുന്നതെന്നത് ആ കുടുംബങ്ങളുടെ കെട്ടുറപ്പിനെയും കുട്ടികൾ ഉൾപ്പടെയുള്ളവരുടെ മനസികാരോഗ്യത്തെയും ബാധിക്കും. ഈ വിഷയത്തിൽ പ്രത്യേകമായി ഒരു ലേഖനം എഴുതുന്നുണ്ട്.
സുരക്ഷിതരായിരിക്കുക.
#weshallovercome
Courtesy:::
മുരളി തുമ്മാരുകുടി
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment