അക്കാദമിക് സ്ഥാപനങ്ങളിലെ ഫാക്കൽട്ടി അംഗങ്ങൾക്ക് ആർ.ബി.ഐ. സ്കാളർഷിപ്പുകൾ
മൂന്നര ലക്ഷം രൂപ ലഭിക്കാം
പ്രസക്തമായ പ്രൊജക്ടുകൾ ഏറ്റെടുത്ത്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ.) ഗവേഷണ പ്രവർത്തനങ്ങളിലെക്ക് സംഭാവന ചെയ്യാൻ പ്രാപ്തരായ, രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളിലെ ഫാക്കൽട്ടികളിൽ നിന്നും ആർ.ബി.ഐ. സ്കോളർഷിപ്പ് പദ്ധതിയിലെക്ക്, ആർ.ബി.ഐ., അപേക്ഷ ക്ഷണിച്ചു.
ഫാക്കൽട്ടി അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്കിടയിൽ റിസർവ് ബാങ്കിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക; ഇക്കണോമിക്സ്, ഫൈനാൻസ് എന്നീ മേകളിൽ പ്രവർത്തിക്കുന്ന ഫാക്കൽട്ടി അംഗങ്ങൾക്ക് റിസർവ് ബാങ്കിൻ്റെ വിവിധ പ്രവർത്തന മേഖലകൾ പരിചയപ്പെടുത്തുക എന്നിവയാണ് പദ്ധതിയിൽ കൂടി ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവർ, മോണിറ്ററി ആൻ്റ് ഫൈനാൻഷ്യൽ ഇക്കണോമിക്‌സ്, ബാങ്കിംഗ്, റിയൽ സെക്ടർ ഇഷ്യൂസ്, റിസർവ് ബാങ്കിന് താൽപര്യമുള്ള മറ്റ് മേഖലകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഹൃസ്വകാല പ്രോജക്ടുകൾ പൂർത്തിയാക്കണം.
പ്രോജക്ട് വിശദാംശങ്ങൾ
2024 ഡിസംബർ 9 ന് ആരംഭിക്കുന്ന
പ്രോജക്ട് - ൻ്റെ കാലാവധി, പരമാവധി 3 മാസമാണ്. മൊത്തം 5 സ്കോളർഷിപ്പുകൾ വരെ അനുവദിക്കും. അനുയോജ്യരായവർ, ആർ.ബി.ഐ. നിർണയിക്കുന്ന പ്രമേയത്തിൻ മേൽ, പ്രോജക്ട് ചെയ്യണം. അപേക്ഷകർ നൽകുന്ന റിസർച്ച് പ്രൊപ്പോസൽ കൂടി പരിഗണിച്ചാകും പ്രൊജക്ട് പ്രമേയം നിശ്ചയിക്കുക.
പ്രൊജക്ടിൻ്റെ ഭാഗമായി സ്കോളർ ഒരു റിസർച്ച് പേപ്പർ/പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി ആർ ബി.ഐ. - ക്ക് നൽകണം. തൻ്റെ പ്രോജക്ട് പ്രവർത്തനങ്ങൾ, ഒരു സെമിനാറിൽ, അവതരിപ്പിക്കണം. ആർ.ബി.ഐ. അനുവാദത്തോടെ തൻ്റെ കണ്ടെത്തലുകൾ, സ്കോളർക്ക് പ്രസിദ്ധീകരിക്കാം. വിശദാംശങ്ങൾ https://rbi.org.in ൽ ഉള്ള വിജ്ഞാപനത്തിൽ ലഭിക്കും (ഓപ്പർച്യൂണിറ്റീസ് @ ആർ.ബി.ഐ. > സ്കോളർഷിപ്പ് ലിങ്കുകൾവഴി പോകണം)
അർഹത:
യു.ജി.സി./എ.ഐ.സി.റ്റി.ഇ. അംഗീകൃത സർകലാശാലയിലോ കോളേജിലൊ ഇക്കണോമിക്സ് അല്ലെങ്കിൽ ഫൈനാൻസ് പഠിപ്പിക്കുന്ന ഭാരതീയരായ ഫുൾ ടൈം ഫാക്കൽട്ടികളായിരിക്കണം അപേക്ഷകർ.
പ്രായം 55 വയസ്സിൽ താഴെയായിരിക്കണം. നേരത്തെ സ്കോളർഷിപ്പ് ലഭിക്കാത്തവർക്ക് മുൻഗണനയുണ്ട്.
അപേക്ഷ:
അപേക്ഷയുടെ മാതൃക, വിജ്ഞാപനത്തിൻ്റെ ഭാഗമായി നൽകിയിട്ടുണ്ട്.
വിശദമായ കരിക്കുലം വിറ്റ, 1000 വാക്കുകളിൽ കവിയാത്ത റിസർച്ച് പ്രൊപ്പോസൽ, അപേക്ഷ നൽകുന്ന ഫാക്കൽട്ടിയുടെ സ്ഥാപനത്തിൽ നിന്നും, അപേക്ഷിക്കുമ്പോൾ ഉള്ള ഫാക്കൽറ്റിയുടെ സ്റ്റാറ്റസ് വ്യക്തമാക്കുന്ന ഔദ്യോഗിക കത്ത് (സ്ഥാപന മുദ്രയോടെ) എന്നിവ പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം നൽകണം.
അപേക്ഷയും അനുബന്ധരേഖകളും 2024 നവംബർ 5 നകം "ദ ഡയറക്ടർ, ഡവലപ്മൻ്റ് റിസർച്ച് ഗ്രൂപ്പ്, ഡിപാർട്മൻ്റ് ഓഫ് ഇക്കണോമിക് ആൻ്റ് പോളിസി റിസർച്ച്, ഏഴാം നില, സെൻട്രൽ ഓഫീസ് ബിൽഡിംഗ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഫോർട്, മുംബൈ - 400001" എന്ന വിലാസത്തിൽ ലഭിക്കണം.
കൂടാതെ അപേക്ഷയുടെ സോഫ്റ്റ് കോപ്പി വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്ക് വഴി ഇ മെയിൽ ആയും അയയ്ക്കണം. സംശയ ദൂരീകരണത്തിനും ഈ ലിങ്കിൽ ബന്ധപ്പെടാം.
തിരഞ്ഞെടുപ്പ്:
റിസർച്ച് പ്രൊപ്പോസൽ, കരിക്കുലം വിറ്റ എന്നിവ പരിഗണിച്ച് അപേക്ഷകരെ ഷോർട് ലിസ്റ്റ് ചെയ്യും. അവർക്ക് തുടർന്ന് ഇൻ്റർവ്യൂ ഉണ്ടാകും.
തിരഞ്ഞെടുക്കപ്പെടുന്നവർ അവരുടെ ജോലിസ്ഥലത്ത് പ്രവർത്തിച്ച്, പ്രോജക്ട് പൂർത്തിയാക്കണം. എന്നാൽ ആവശ്യമുള്ള പക്ഷം, സ്കോളർ, ആർ.ബി.ഐ. സെൻട്രൽ ഓഫീസ്/ റീജിയണൽ ഓഫീസ് സന്ദർശിക്കേണ്ടി വന്നേക്കാം. അതിൻ്റെ വ്യവസ്ഥകൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
സ്കോളർഷിപ്പ്, ഓണറേറിയം:
എല്ലാ സ്കോളർമാർക്കും പ്രതിമാസ അലവൻസ് ആയി 50000 രൂപ നൽകും. പ്രോജക്ട് പൂർത്തിയാക്കി റിപ്പോർട്ട് നൽകുകയും ആർ.ബി.ഐ. അത് അംഗീകരിക്കുകയുo ചെയ്യുമ്പോൾ, ഓണറേറിയം ആയി രണ്ടു ലക്ഷo രൂപയും സ്കോളർക്ക് നൽകും.
Comments
Post a Comment