എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത്രയും വലിയ പ്രതിരോധങ്ങൾ? ഇതിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ പലതും ഇനിയും സമ്പൂർണ ലോക്ക്ഡൗണിലേക്കു പോകാതിരിക്കുമ്പോൾ നമ്മൾ മാത്രമെന്തിനാണ് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കതകടച്ചിരിക്കുന്നത്? എന്നിട്ടും ഒരു അത്യാവശ്യത്തിനു കാറ്റുകൊള്ളാൻ പുറത്തിറങ്ങുന്ന മനുഷ്യന്മാരെ പോലീസ് എന്തുകൊണ്ടാണ് ജനമൈത്രി സ്നേഹത്തിൽ കൈകാര്യം ചെയ്യാത്തത്? മറ്റു പല രാജ്യങ്ങൾക്കും ചെയ്യാൻ കഴിയാതെ പോയ തുടക്കം മുതലുള്ള ഐസലേഷനും റൂട്ട് മാപ്പ് സഹിതമുള്ള കോൺടാക്ട് ട്രേസിങ്ങും നമ്മുടെ നാടുമാത്രം ഇങ്ങനെ ഒരു ആഘോഷമായി കൊണ്ടാടുന്നത് എന്തുകൊണ്ടാണ്? പത്തനംതിട്ടക്കാരനും കാസർകോടുകാരനും ഇടുക്കിക്കാരനും മറ്റൊരു രാജ്യത്തും നടന്നിട്ടില്ലാത്ത രീതിയിൽ സമൂഹശ്രദ്ധയിലേക്കു വരുന്നത് എന്തുകൊണ്ടാണ്? ഒരു നാട്ടിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ അയാളുടെ സ്ഥലവും അത് പിടിപെടാനിടയായ സാഹചര്യവും അയാളുടെ സഞ്ചാരവഴികളും നാടിനുമുഴുവൻ ലഭ്യമാകുന്നത് എന്തുകൊണ്ടാണ്?
ഒരു ചെറിയ പിഴവുപോലും താങ്ങാനുള്ള ശേഷി നമുക്ക് ഇല്ലാത്തതുകൊണ്ട്. ഓരോ പിഴവിനെയും പരമാവധി ശ്രദ്ധകൊണ്ടു അടിച്ചമർത്താനാണ് നമ്മുടെ സംവിധാനങ്ങൾ വിശ്രമമില്ലാതെ പണിയെടുത്തു കൊണ്ടിരിക്കുന്നത്. ഒരാൾ വിചാരിച്ചാൽ തകർന്നു തരിപ്പണമാവുന്ന കരുതലാണ് ഇതുവരെ നേടിയെടുത്ത സകല പ്രതിരോധവും. അതുകൊണ്ടാണ് അവർ കർശനമാവുന്നത്.
കൊറോണ കേസുകൾ ലക്ഷം കടന്നിട്ടും പിടിച്ചു നിൽക്കുന്ന രാജ്യങ്ങളെ നമ്മൾ കാണുന്നുണ്ട്. ദിവസങ്ങൾ കൊണ്ട് പണിതീരുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആശുപത്രികൾ നമ്മൾ കാണുന്നുണ്ട്. ശാസ്ത്രസാങ്കേതികതയുടെ സകല സാധ്യതകളും ഉപയോഗിച്ച് വൈറസിനേക്കാൾ വേഗത്തിൽ വൈറസിന്റെ സഞ്ചാരവഴികൾ കണ്ടെത്തി അവരെ കെട്ടുകെട്ടിച്ച രാജ്യങ്ങളെ നമ്മൾ കാണുന്നുണ്ട്. ഇതൊന്നും സാധ്യമായത് മനുഷ്യാവകാശങ്ങളെ സംരക്ഷിച്ചുകൊണ്ടല്ല. ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങൾ നിലനിർത്തിക്കൊണ്ടല്ല. മനുഷ്യൻ ഉണ്ടെങ്കിലേ ഭരണഘടന ഉള്ളൂ. സ്റ്റേറ്റ് അതിന്റെ സകല അധികാരങ്ങളും എടുത്തു പ്രയോഗിച്ചുകൊണ്ടാണ് അവർ കൊറോണബാധിതരെ സംരക്ഷിച്ചതും അവരിൽ നിന്നും മറ്റുള്ളവരെ സംരക്ഷിച്ചതും.
ഭാഗ്യവശാൽ നമ്മൾ ഇപ്പോഴും മനുഷ്യാവകാശങ്ങളെ കുറിച്ച് സംസാരിക്കാനും സങ്കടപ്പെടാനും കഴിയുന്ന അവസ്ഥയിലാണ്. അതുകൊണ്ടു അതിനെക്കുറിച്ചു ആവലാതിപ്പെടാനും ആശങ്കപ്പെടാനും നമുക്ക് കഴിയുന്നുണ്ട്. ഇങ്ങനെ കർശനമായില്ലെങ്കിൽ അതെല്ലാം കൈവിട്ടുപോകുന്ന ഒരു അഭിശപ്ത നിമിഷമുണ്ട്, എങ്ങനെയും ജീവൻ മാത്രം മതിയെന്നു നിലവിളിക്കുന്ന, നിരാലംബമാവുന്ന നിമിഷം.
അങ്ങനെ സംഭവിച്ചാൽ അതിനു നമ്മൾ സജ്ജരല്ലെന്നു ഭരിക്കുന്നവർക്കു അറിയാം, നമ്മള് കൂട്ടിയാൽ കൂടില്ലെന്നു നമ്മളും അറിയണം. നമ്മൾ ഇപ്പോഴും സംഭവിക്കാനിരിക്കുന്ന ഒന്നിനെ നേരിടുകയാണ്, സംഭവിക്കാതിരിക്കാനായി നേരിടുകയാണ്, അതിനുള്ള ത്രാണി നമുക്കില്ല.
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment