ചൈന അവരുടെ ജൈവ പരീക്ഷണ ലാബിൽ നിർമ്മിച്ച വൈറസാണ് ലോകമെമ്പാടും പടർന്ന് പിടിച്ചതെന്ന ഇസ്രായേലിന്റെ വാദഗതികൾ തള്ളികളഞ്ഞ ശാസ്‌ത്രലോകം വിരൽ ചൂണ്ടുന്നത് അവയിലേക്ക് തന്നെയാണ്..തീവ്രനാശത്തിന്റെ വക്കിലകപ്പെട്ട, ആ ചെറു ജീവിയിലേക്ക്..
ഇന്റർ നാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ'' (IUCN) അംഗീകരിച്ച ലോകത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപെടുന്ന ജീവികളിൽ റെഡ് ലിസ്റ്റിലാണ് ഒടുവിൽ 'പ്രതിസ്ഥാനത്ത്' നിർത്തിയ , നമ്മുടെ നാട്ടിലടക്കം കണ്ടുവരുന്ന ചില സ്ഥലങ്ങളിൽ നമ്മൾ' പൊട്ടിച്ചക്കി'
എന്നൊക്കെയുള്ള നാടൻ വിളിപ്പേരു ചാർത്തി കൊടുത്ത ഈ സാധു..!! Pangolin അഥവാ ഈനാമ്പേച്ചി..
എട്ടുമുതൽ നൂറു സെന്റീമീറ്റർ വരെ നീളം..കൂർത്ത നഖങ്ങൾ, കട്ടിയേറിയ ശൽക്കങ്ങൾ..ശത്രുക്കളെ കണ്ടാൽ പന്ത് പോലെ ഉരുണ്ടു രക്ഷപെടാൻ ശ്രമിക്കുന്ന രീതി....മുൻപൊക്കെ എട്ടുതരം വിഭാഗങ്ങൾ ഉണ്ടായിരുന്നു ഏഷ്യ ,ആഫ്രിക്ക എന്നിവിടങ്ങളിൽ ..എന്നാൽ ഇന്ന് തെക്കേ അമേരിക്കയിലെ ചില ഭാഗങ്ങളിലും ആഫ്രിക്കയിലും മാത്രമാണ് കുറച്ചു കാണാൻ എങ്കിലും കഴിയുന്നത് ...കേരളത്തിൽ വളരെ അപൂർവ്വം..
മനുഷ്യനു ഒരു ഉപദ്രവവുമുണ്ടാക്കാത്ത ഈ 'സസ്തനി' കൊടും നാശത്തിന്റെ വക്കിലേക്ക് എത്തിപ്പെട്ടത്തിന്റെ പുറകിൽ വിചിത്രമായ ചില സംഗതികളുണ്ട്...
ചൈനയിലെ വുഹാനിലുള്ള അനധികൃത മൃഗവ്യാപാര ചന്തകളിൽ കടുവ മുതൽ വവ്വാലുകൾ വരെ വിൽപ്പനക്ക് വെച്ചിട്ടുള്ളതായി നമുക്കറിയാം.....1970 കളിൽ ചൈനയെ ബാധിച്ച കൊടും ക്ഷാമത്തിൽ നിന്നും പട്ടിണിയിൽ നിന്നും കരകയറ്റാൻ അന്നത്തെ ഭരണകൂടം ജനങ്ങൾക്ക് നൽകിയ ചില നിയമാനുസൃതമായ 'ഇളവുകൾ ' ആയിരുന്നു പിൽക്കാലത്ത് ഉടലെടുത്ത ഇത്തരം മാർക്കറ്റുകളുടെ പിറവിക്ക് പിന്നിൽ..സർക്കാരിന്റെ അധീനതയിൽ മാത്രം കയ്യടക്കി വെച്ചിരുന്ന ഭക്ഷ്യോൽപാദനത്തിന്റെ കുത്തക ... സ്വകാര്യ കർഷകർക്ക് വിട്ടുകൊടുത്തു...പക്ഷെ 'പോർക്ക് ' 'ബീഫ്' മുതലായ മാംസങ്ങളുടെ ഉത്പാദനം വൻകിട കമ്പനികൾ കയ്യടക്കിയതോടെ സാധാരണക്കാർ മറ്റു വന്യ ജീവികളിലേക്ക് തിരിഞ്ഞു... അവർ അതിനെ അറവു ശാലകളിലെത്തിച്ചു തീൻ മേശയിലേക്ക് ആനയിച്ചു....പൊടി പൊടിക്കുന്ന വ്യാപാരത്തിനൊപ്പം മറ്റു ചില സംഭവ വികാസങ്ങൾ കൂടി അവിടെ ഉയർന്ന് പൊങ്ങി.. അന്ധവിശ്വാസങ്ങളുടെ ചുവട് പിടിച്ച ഒന്നാന്തരം'' പേ കൂത്ത്''..പിന്നെ ചില മരുന്നുകളുടെ നിർമ്മാണം..
അതിലൊന്നായിരുന്നു ഈനാമ്പേച്ചി ശൽക്കങ്ങൾ ഉണക്കിപൊടിച്ചു പാലിൽ ചേർത്ത് കഴിച്ചാൽ ലഭിക്കുന്ന 'ലൈംഗീക ഉണർവിന്റെ പാരമ്യത 'എന്ന കണ്ടെത്തൽ..! കൂടാതെ ഇതിലൂടെ ക്യാൻസർ പോലും ഇല്ലാതാക്കാൻ കഴിയുമെന്ന വാദഗതികൾ..
അവയുടെ മാംസത്തിന്റെ രുചിയുടെ പേരിലുളള പ്രചാരണം മൂലം നിരവധി ആവശ്യക്കാർ ഉണ്ടായി.. ചൈനയിൽ മാത്രമൊതുങ്ങി നിന്നില്ല ആ ഖ്യാതി.. വിയറ്റ്നാമിലടക്കമുള്ള റസ്റ്റോറന്റ്കളിൽ ഈനാമ്പേച്ചി വിശിഷ്ട ഭോജ്യമായി.. മാർക്കറ്റുകളിൽ അവയുടെ ഇറച്ചി വില കുത്തനെ ഉയർന്ന് കിലോഗ്രാമിന് ഡോളറിന് മൂന്നൂറിലെറെ വരെ എത്തപ്പെട്ടു. .....ആഘോഷങ്ങൾക്കും ആഭിജാരക്രിയകൾക്കും അങ്ങനെ ഒരു രക്തസാക്ഷിയെ പോലെ അവർ വഴങ്ങി കൊടുക്കേണ്ടി വന്നു..
കുറച്ചു വർഷങ്ങൾക്ക് മുൻപ് കെനിയയിലെ നെയ്റോബിയിലുള്ള ജോമോ കെനിയാത്ത വിമാനത്താവളത്തിൽ പിടിച്ചെടുത്ത ഒരു പാഴ്‌സൽ കണ്ട് അധികൃതർ ഞെട്ടി.. ! രണ്ടായിരത്തിലേറെ വരുന്ന ഈനാംപേച്ചികളുടെ ശൽക്കങ്ങൾ , അവയുടെ ഇറച്ചി ഉണക്കി പ്രത്യേകം പായ്ക്ക് ചെയ്തത്..! ലോകത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപെടുന്ന ജീവികളിൽ കടുവയും ,കണ്ടാമൃഗവുമൊക്കെ ഇവയ്ക്ക് താഴയെ വരു എന്ന പഠനങ്ങൾ കാണുമ്പോൾ തന്നെയറിയാം, നമ്മുടെ നാട്ടിൽ 'അളുങ്കുകൾ ' അല്ലെങ്കിൽ ഉറുമ്പ് തീനികൾ എന്നൊക്കെ അറിയപ്പെടുന്ന ഇവയുടെ ഗതി എന്താണെന്ന്.....
കാഠിന്യമേറിയ ഈ ശല്ക്കങ്ങൾ തന്നേയാണ് ഈനാമ്പേച്ചിയുടെ ശരീര പ്രകൃതിയിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെടുന്നത് ...എന്നാൽ യഥാർത്ഥത്തിൽ നമ്മുടെയും നാൽക്കാലികളുടെയും നഖങ്ങളിലും കണ്ടാമൃഗത്തിന്റെയുമൊക്കെ കൊമ്പിലുമടങ്ങിയിരിക്കുന്ന 'കെരാറ്റിൻ' എന്ന രാസവസ്തുവല്ലാതെ മറ്റൊന്നും ഇതുവരെ ഇതിൽ തെളിയിക്കപ്പെട്ടിട്ടില്ല ....രാത്രി മാത്രം ഇര പിടിക്കുന്ന ശീലമുള്ള ഇവയ്ക്ക് അപാര ഘ്രാണ ശക്തിയാണ് ...!എപ്പോഴും ജലാംശം നിറഞ്ഞ വായ്ക്കുള്ളിൽ ശരീരത്തിന്റെ പകുതിയോളം നീട്ടി ഇരപിടിക്കാനുള്ള നാവു പലവിധത്തിൽ സഹായമാകുന്നു ..ഉറുമ്പുകൾ ,പുഴുക്കൾ ,ഇവയുടെ മുട്ട ,ചിതൽ തുടങ്ങി ആസ്വദിച്ചു ആഹരികുന്ന ഇവയ്ക്ക് ഏറ്റവും ഇഷ്ടമേതെന്നു ചോദിച്ചാൽ അത് പുളിയുറുമ്പുകൾ തന്നെയെന്നു പറയേണ്ടി വരും ...ഈനാമ്പേച്ചിക്ക് പക്ഷെ പല്ലുകളില്ല ......! നീളമുള്ള പശ പോലെയുള്ള ഒരു ദ്രാവകം പുറപ്പെടുവിക്കുന്ന നാവു ആണ് ഇരപിടുത്തതിനു ഉപയോഗിക്കുന്നത് .
ആപത്തുണ്ടായാൽ കുഞ്ഞിനെ മാറോടു ചേർത്ത്, തല വാലിനടിയിൽ ഒളിച്ചു ചുരുണ്ടു കൂടി രക്ഷപെടുന്ന ഈ നിഷ്കളങ്ക രീതി പക്ഷെ മനുഷ്യൻ എന്ന കുശാഗ്ര ബുദ്ധിക്കു മുൻപിൽ എത്രത്തോളമാണ് ഫലവത്താകുന്നത് അല്ലെ ..?
ഫിലേഡേറ്റ വിഭാഗത്തിൽ 'മാനിടെ' എന്ന വിഭാഗവും അതിൽ എട്ടു ജാതികളുള്ള മാനിസ് എന്ന ജനുസ്സും മാത്രമേ ഇന്ന് ഭൂമിയിൽ നിലനിൽക്കുന്നുള്ളൂ .....ബാക്കിയൊക്കെ വേരറ്റു പോയി ....ഏഷ്യ ആഫ്രിക്ക കൂടാതെ യൂറോപ്പും ഈ പാവങ്ങളുടെ ശവപ്പറമ്പ് ആയപ്പോൾ ഒടുവിൽ ഐക്യരാഷ്ട്ര സഭയ്ക്ക് ഇടപടേണ്ടി വന്നു ...ആഗോളതലത്തിൽ ഇവയുടെ വ്യാപാരം നിരോധിക്കാൻ മൂന്ന് വര്ഷം മുൻപ് ജൊഹാന്നസ്ബർഗിൽ ചേർന്ന യു എൻ യോഗത്തിൽ ചില നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടു ...അതായത് ...International trade in endangered species ആദ്യ ശ്രേണിയിൽ' അനുബന്ധം (1) ൽ ഈനാമ്പേച്ചിയെ ഉൾപ്പെടുത്തി ...ഇനി വേട്ടയോ വ്യാപാരമോ തുടർന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കഠിന ശിക്ഷ തന്നെ ...വാണിജ്യ ആവശ്യങ്ങൾക്ക് പോലും ജീവനോടെയോ അല്ലാതയോ ഉള്ള വിപണനം പൂർണമായും നിരോധിച്ചു ..ഇത് സംബ്ബന്ധിച്ചു എല്ലാ രാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പുവെച്ചു .....രാജ്യാന്തര തലത്തിലെ ഈ കരാർ നിലനിൽക്കുന്നിടത്തോളം ശിക്ഷയിൽ നിന്ന് 'ഊരിപോകൽ' ഒരു വൻ കടമ്പ തന്നെയെന്നറിയാമെങ്കിലും..അനധികൃത വ്യാപാര ചന്തകളിൽ ഈനാംപേച്ചികൾക്ക് പിന്നെയും നല്ല ഡിമാൻഡ് ആയിരുന്നു..
ഒടുവിൽ തീവ്ര നാശത്തിന്റെ വക്കിലേക്ക് നീങ്ങുന്ന, പരിസ്ഥിതിയുടെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമായ ഈ ചെറു ജീവിക്ക് പ്രകൃതിദേവി തന്നെ സംരക്ഷണകവചം തീർക്കുന്ന വിചിത്രവും വിസ്മയാവഹവുമായ കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ..വൈറസ് വാഹകർ എന്ന നിലയിലുള്ള പ്രചരണം ഈനാംപേച്ചികളെ ഒരു പരിധിവരെ നായാട്ടിൽ നിന്നും ഒഴിച്ചു നിർത്തുന്ന വാർത്തകൾ..മനുഷ്യന്റെ ഭയത്തോടെയുള്ള ഈ സമീപനം ഇനിയും വർദ്ധിക്കാനാണ് സാധ്യത.. നല്ലത്..!
പരിസ്‌ഥിതിയുടെ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു ജീവിയെന്ന നിലയിൽ ഭൂമിയുടെയും മറ്റു ചില അവകാശികൾക്കൊപ്പം അവയും സ്വസ്ഥതയോടെ ഇവിടെ വാഴട്ടെ...അല്ലെ??😊
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment