കോയമ്പത്തൂർ ചരിത്രം സംഘകാലത്ത് തുടങ്ങുന്നു. ചേര രാജവംശത്തിൻ കീഴിലായിരുന്നു കോയമ്പത്തൂർ ഉൾക്കൊള്ളുന്ന കൊങ്കുനാട്. കൊങ്ക് എന്നാൽ തമിഴിൽ പൂന്തേൻ അല്ലെങ്കിൽ പൂക്കൂട്ടം എന്നാണർത്ഥം. ഇന്നത്തെ കോയമ്പത്തൂർ ,ഈറോഡ്, സേലം, കരൂർ, നാമക്കൽ ,ധർമ്മപുരി, കൃഷ്ണഗിരി ജില്ലകൾ ഉൾപ്പെട്ടതാണ് വിശാലമായ കൊങ്കു നാട് .വെളളിങ്കിരിമല ,പഴനിമല, ഗോപിച്ചെട്ടി പാളയം മല എന്നിവയാണ് അതിർത്തികൾ.
പഴയ മുസരിസ് തുറമുഖത്തു നിന്നും (കൊടുങ്ങല്ലൂർ) സഹ്യപർവ്വതയടിവാരപ്പാത വഴി ക്രിസ്തുവിന് മുൻപ് തന്നെ റോമാക്കാരും, ഗ്രീക്കുകാരും കൊങ്കു നാടുമായി കച്ചവടം ബന്ധം ഉണ്ടായിരുന്നുവെന്ന് പറയുന്നു. രേഖകളിൽ ഇതിനെ രാജകേസരി മഹാവഴി എന്നു പറയുന്നു. കോയമ്പത്തൂർ നഗരത്തിൽ നിന്നും അഗളി - ആനക്കട്ടി റോഡിലുള്ള കണുവായ് എന്ന സ്ഥലത്താണ് ഈ വഴിയുടെ ഒരറ്റം. കണുവായ് എന്നാൽ ഗുഹാമുഖം എന്ന് തമിഴിൽ അർത്ഥം. സഹ്യനിലെ പാലക്കാട് ചുരമാണ് ഈ വഴിയുടെ സഞ്ചാര മാർഗ്ഗം.
ചേര, ചോള, പാണ്ഡ്യ ,ഹൊയ്സാല, രാഷ്ട്ര കൂട, വിജയനഗര ,മൈസൂർ വൊഡയാർ ,ടിപ്പു സുൽത്താൻ തുടങ്ങീ രാജ വംശങ്ങളുടെ കീഴിലായിരുന്നു കൊങ്കുനാട്. ഇതിൽ ചോള ഭരണകാലത്ത് 9-10 നൂറ്റാണ്ടിലാണ് കോയമ്പത്തൂർ ഉണ്ടാവുന്നത്. അക്കാലത്ത് ഇന്നുള്ള കോയമ്പത്തൂർ നഗര മേഖല നിബിഢവനമാണ്. കണുവായ് ഭാഗത്തുള്ള പേരൂരാണ് മുഖ്യ ഗ്രാമമേഖല. ഇവിടെയുള്ള കോയൻ എന്നു പേരായ ഇരുള വിഭാഗത്തിലുള്ള ഒരാൾ തന്റെ സംഘവുമായി പേരൂരിൽ നിന്നും പത്തു കിലോമീറ്റർ വടക്കായി ,നൊയ്യൽ നദിയുടെ ഗതിപ്രകാരം ഒരു വനമേഖലയിലെത്തി അവിടെ വസിച്ചു. ഈ സ്ഥലം കോയൻപതി എന്നു പേരായി. തുടർന്ന് കോയൻ - പതി - ഊര് എന്നും, ലോപിച്ച് കോയമ്പത്തൂരായും മാറിയെന്ന് ഐതിഹ്യം. നൊയ്യൽ നദിയിൽ 700 വർഷങ്ങൾക്കു മുൻപു തന്നെ 24 തടയണകൾ കെട്ടി, 100 കി.മീ. കനാൽവെട്ടി, 36 ജലാശയങ്ങൾ നിർമ്മിച്ച് അന്നത്തെ രാജാക്കൻമാർ ശാസ്ത്രീയ ജലസേചന സൗകര്യം ഉണ്ടാക്കിയിരുന്നുവത്രേ. വനം ഒഴികെയുള്ള സ്ഥലത്ത് നെല്ല്, വാഴ, കരിമ്പ് കൃഷിയായിരുന്നു. നൊയ്യലാണ് കോയമ്പത്തൂരിന്റെ ഐശ്വര്യം. ഈ നദിക്കരയിലെ കോണിയമ്മൻ ദേവത കോയമ്പത്തൂർ പ്രദേശ ദേവതയെന്നാണ് സങ്കല്പം.
മൈസൂരുകാരിൽ നിന്നും ടിപ്പു കൊങ്കുനാട് കൈപ്പറ്റിയ ശേഷം ,1799 ൽ അത് ഈസ്റ്റിന്ത്യാ കമ്പനിക്ക് കൈമാറി. 1804 നവംബർ 24 ന് കോയമ്പത്തൂർ ജില്ല ബ്രിട്ടിഷുകാർ രൂപീകരിച്ചു. അപ്പോൾ നീലഗിരിയും ഇതിന്റെ ഭാഗമായിരുന്നു.1866 ൽ കോയമ്പത്തൂർ നഗരസഭ നിലവിലായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെ വടക്കു-പടിഞ്ഞാറ് കൊല്ലേഗൽ മുതൽ പാലക്കാട് വരെ കോയമ്പത്തൂർ ജില്ലയിലുൾപ്പെട്ടിരുന്നു. 1956 ൽ കൊല്ലേഗൽ കർണ്ണാടകത്തിനും, പാലക്കാട് കേരളത്തിനും നൽകി.
1888 ൽ സ്റ്റയിൻസ് കമ്പനി വക ആദ്യ നൂൽ മിൽ കോയമ്പത്തൂരിൽ വന്നതാണ് വ്യവസായ ആരംഭം. തുടർന്ന് രണ്ടു മില്ലുകൾ കൂടി വന്നു.കോയമ്പത്തൂർ മേഖലയിൽ 1920 കാലഘട്ടങ്ങളിൽ മോട്ടോർ വാഹനങ്ങൾ എത്തിച്ചതും സ്റ്റയിൻസ് കമ്പനിയാണ്. 1930 ൽ പൈക്കാറ ജലവൈദ്യുത പദ്ധതി വന്നതോടെ കോയമ്പത്തൂരിൽ വൈദ്യുതി എത്തി. വ്യവസായം ഇതോടെ വളർന്നു. ഈ സമയം ബോംബെ പരുത്തി വ്യവസായ മേഖല തളർന്നത് കോയമ്പത്തൂരിന് വളർച്ചയേകുകയാണുണ്ടായത്. ഇന്ന് ചെന്നൈ കഴിഞ്ഞാൽ തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂർ.
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment