Career Guidance.
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
🌏🌎
🌐🌍
Nursing
Nurse
Paramedical Course
നഴ്സിംഗ് പഠിക്കണോ അതോ പാരാമെഡിക്കൽ കോഴ്സ് പഠിക്കണോ എന്ന് സംശയിച്ച് നിൽക്കുന്നവരോട്...മെഡിക്കൽ അനുബന്ധകോഴ്സുകളിൽ ഇപ്പോഴും ഏറ്റവും കൂടുതൽ ജോലി സാധ്യത നഴ്സിംഗ് കോഴ്സിന് തന്നെയാണ്. ഓരോ വർഷവും ആയിരക്കണക്കിന് ഒഴിവുകളാണ് കേന്ദ്രസർക്കാരിന് കീഴിലുള്ള ആശുപത്രികളിലും വിവിധ സംസ്ഥാനസർക്കാർ ആശുപത്രികളിലുമായി വരുന്നത്. കേരള പിഎസ്സി വഴി ജോലി ലഭിക്കുന്നവർക്ക് തുടക്കത്തിൽ തന്നെ 35000 രൂപ ശമ്പളമുണ്ട്. കേന്ദ്രത്തിലും ഡൽഹി സർക്കാർ ആശുപത്രികളിലും മറ്റും ഇത് 70000 രൂപ ആണ്.
നിങ്ങൾക്കറിയാവുന്നതുപോലെ ഏതൊരാശുപത്രിയിലും മറ്റേത് കാറ്റഗറി ജീവനക്കാരെയുംകാൾ കൂടുതൽ ഉണ്ടാവുക നഴ്സുമാരാണ്. ഉദാഹരണത്തിന് ഒരു താലൂക്കാശുപത്രിയിൽ 6 ഫാർമസിസ്റ്റും 4-6 ലാബ് ടെക്നീഷ്യനും 2 റേഡിയോഗ്രാഫറും ഉണ്ടാവുമ്പോൾ മിനിമം 40 നഴ്സുമാർ എങ്കിലും കാണും. അതുകൊണ്ടുതന്നെയാണ് ജോലിസാധ്യത ഏറ്റവും കൂടുതൽ ഇപ്പോഴും എപ്പോഴും നഴ്സിന് തന്നെ എന്നു പറഞ്ഞത്. വിദേശ തൊഴിലവസരങ്ങളും എന്നും നഴ്സിന് തന്നെയാണ് കൂടുതൽ. വാസ്തവം പറഞ്ഞാൽ MBBS പാസ്സായ ഡോക്ടർക്ക് പോലും വിദേശത്ത് നഴ്സുമാർക്ക് ലഭിക്കുന്ന അത്ര അവസരങ്ങൾ ലഭിക്കുന്നില്ല.
കഷ്ടപ്പെടാൻ തയ്യാറുള്ളവർക്ക് ഇപ്പോഴും IELTS, OET തുടങ്ങിയവ പാസ്സായാൽ ഇംഗ്ലണ്ട്, അയർലണ്ട്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി അവസരങ്ങൾ ഉണ്ട്. ഇതിനു പുറമെയാണ് ഗൾഫ് അവസരങ്ങൾ. കുവൈറ്റ്, ഖത്തർ, യുഎഇ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിൽ ഇപ്പോഴും നഴ്സുമാർക്ക് നിരവധി അവസരങ്ങളാണുള്ളത്. ജർമ്മനി, ഇറ്റലി, മാലിദ്വീപ്, ലിബിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും സാധ്യതകൾ ഉണ്ട്.
നഴ്സിംഗ് പഠിക്കാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും ബിഎസ്സി നഴ്സിംഗ് തന്നെ പഠിക്കുക. പ്രത്യേകിച്ച് ഫീസ് കൊടുത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർ. എന്നാൽ സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന, ഗവൺമെൻ്റ് നഴ്സിംഗ് സ്കൂളുകളിൽ അഡ്മിഷൻ കിട്ടുന്നവർ ജനറൽ നഴ്സിംഗ് ചെയ്യുന്നതിൽ ഞാൻ തെറ്റുപറയില്ല. കാരണം 3 വർഷത്തെ പഠനം തീർത്തും സൗജന്യമാണ് എന്നതു തന്നെ. മാസം കിട്ടുന്ന സ്റ്റൈപ്പൻ്റ് കൊണ്ട് മെസ് ഫീസിൽ ഒരു ഭാഗവും അടയ്ക്കാം. എന്നാൽ ഇത്തരക്കാർ ജനറൽ നഴ്സിംഗ് കഴിയുന്നയുടനെ തന്നെ ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് പോസ്റ്റ് ബേസിക് എടുക്കാൻ ശ്രദ്ധിക്കണം. കാരണം ഇനിയത്തെ കാലത്ത് സർക്കാർ ജോലികൾക്ക് പോലും ബിഎസ്സി നിർബന്ധമാക്കിക്കൂടാ എന്നില്ല. മാത്രമല്ല 2021 മുതൽ ജനറൽ നഴ്സിംഗ് കോഴ്സിന് ഇൻഡ്യയിൽ പുതിയ അഡ്മിഷൻ ഇല്ല എന്നതും ഓർക്കുക.
ഗവൺമെൻ്റിൽ ജനറൽ നഴ്സിംഗ് പഠിച്ചിട്ട് പോസ്റ്റ് ബേസിക് എടുക്കുന്നതിൻ്റെ ഗുണം ചിലവു കുറവാണ് എന്നതു തന്നെ. പ്രൈവറ്റിൽ നേരിട്ട് ബിഎസ്സി നഴ്സിംഗ് ചെയ്യുന്നതിൻ്റെ പകുതിയിൽ താഴെ മാത്രമേ ഇത്തരത്തിൽ പഠിക്കുമ്പോൾ ചിലവു വരികയുള്ളൂ. എന്നാൽ ഒരു വർഷം കൂടുതൽ വേണ്ടി വരും എന്നത് ഒരു ന്യൂനതയാണ്. പക്ഷേ തീരെ സാമ്പത്തികമില്ലാത്ത കുട്ടികൾക്ക് ഇതു ഉപകാരപ്പെടും.
സാമ്പത്തിക സൗകര്യമുള്ളവർ ബിഎസ്സി നഴ്സിംഗ് തന്നെ നേരിട്ട് പഠിക്കുക.
നഴ്സിംഗ് പഠിക്കുന്നവർ വാർഷികപ്പരീക്ഷകൾ മാത്രം ലക്ഷ്യം വയ്ക്കാതെ ഒന്നാംവർഷം മുതൽ ജോലി കൂടി ലക്ഷ്യം വച്ച് പഠിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതായത് ഒന്നാം വർഷം മുതൽതന്നെ ടെക്സ്റ്റ്‌ബുക്കുകൾ നന്നായി മനസ്സിരുത്തി വായിച്ച് ഒബ്ജക്റ്റീവ് ടൈപ്പ് ആയി ചോദിക്കാവുന്ന ചോദ്യങ്ങൾ ഒരു നോട്ട്ബുക്കിലേക്ക് പകർത്തി വയ്ക്കുക. ഭാവിയിൽ മത്സരപ്പരീക്ഷകൾക്ക് ഇത് തീർച്ചയായും ഉപകാരപ്പെടും.
ജനറൽ നഴ്സിംഗ് പഠിക്കുന്നവർ തങ്ങൾ പഠിക്കുന്നത് നഴ്സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്ഥാപനത്തിൽ തന്നെയാണെന്ന് ഉറപ്പു വരുത്തുക. സംസ്ഥാനത്ത് പല ഭാഗങ്ങളിലും അംഗീകാരമില്ലാത്ത നഴ്സിംഗ് പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 3 വർഷ നഴ്സിംഗ്, ഹോസ്പിറ്റൽ നഴ്സിംഗ്, പഠനത്തിനു ശേഷം വലിയ ആശുപത്രികളിൽ പ്രാക്ടീസ് തുടങ്ങിയ വിവിധതരം വാഗ്ദാനങ്ങൾ നിരത്തിയാണ് ഇത്തരക്കാർ കുട്ടികളെ വലയിൽ വീഴിക്കുന്നത്. ലാബ്, xray, ഫാർമസി എന്നിങ്ങനെയുള്ള അംഗീകാരമില്ലാത്ത പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളും ധാരാളമുണ്ട്. ഇത്തരം കോഴ്സുകൾ പഠിച്ചാൽ സർക്കാർ ജോലി ചെയ്യാനോ വിദേശത്ത് പോകാനോ കഴിയില്ല. കാലാകാലം ഏതെങ്കിലും പ്രൈവറ്റാശുപത്രിയിൽ തുച്ഛ ശമ്പളത്തിൽ നഴ്സിംഗ് എയിഡ് ആയി ജോലി ചെയ്യേണ്ടി വരും. ആയതിനാൽ പഠിക്കുന്ന സ്ഥാപനങ്ങൾ അംഗീകാരമുള്ളതാണ് എന്നുറപ്പ് വരുത്തുക. ജനറൽ നഴ്സിംഗ് കോഴ്സിന് നഴ്സിംഗ് കൗൺസിൽ അംഗീകാരമുണ്ടോ എന്നറിയാൻ അതാത് നഴ്സിംഗ് കൗൺസിൽ ഓഫീസുമായി ബന്ധപ്പെടുക. കേരളത്തിലെ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് കേരള നഴ്സിംഗ് കൗൺസിൽ വെബ്സൈറ്റിൽ ഇട്ടിട്ടുണ്ട്.
ബിഎസ്സി നഴ്സിംഗ് കോഴ്സുകളുടെ കാര്യം അതാത് നഴ്സിംഗ് കൗൺസിലിലും അഫിലിയേറ്റ് ചെയ്ത സർവ്വകലാശാലകളിലും തിരക്കുക.
പഠിക്കാൻ നഴ്സിംഗ് തിരഞ്ഞെടുക്കും മുൻപ് കുട്ടിക്ക് നഴ്സിംഗ് എന്ന പ്രൊഫഷനോട് താൽപര്യമുണ്ട് എന്നുറപ്പു വരുത്തുക. വെറുതെ തൊഴിൽ സാധ്യത നോക്കി മാത്രം നഴ്സിംഗ് പഠിക്കാം എന്നു തീരുമാനിക്കരുത്. മറ്റു ജോലികളിൽ നിന്ന് വ്യത്യസ്തമായി മാനസികസമ്മർദ്ദവും ശാരീരികാധ്വാനവും കൂടുതലുള്ള ജോലിയാണ് നഴ്സിൻ്റേത്. മാത്രമല്ല വിദേശത്തൊക്കെ ജോലി ചെയ്യുമ്പോൾ നല്ല റിസ്കും ഉണ്ട്. എനിക്കറിയാവുന്ന പല നഴ്സുമാർക്കും കഴുത്തിൻ്റെയും നടുവിൻ്റെയും ഒക്കെ ഡിസ്കിൻ്റെ പരിപ്പിളകിയവരാണ്. മാത്രമല്ല മിക്കവാറും ആശുപത്രികളിൽ നൈറ്റ് ഡ്യൂട്ടിയും ഉണ്ടാകും എന്നതും ശ്രദ്ധിക്കുക. അതുപോലെ നഴ്സിംഗ് എന്നാൽ മരുന്ന് കൊടുക്കലും ഇൻജക്ഷൻ കുത്തലും മാത്രമാണ് എന്ന് കരുതി നഴ്സിംഗ് പഠിക്കാൻ ചേർന്നിട്ട് ആദ്യവർഷം രോഗികളുടെ ബെഡ് വിരിക്കുന്നതും കുളിപ്പിക്കുന്നതും പല്ല് തേപ്പിക്കുന്നതും ഒക്കെ പഠിപ്പിക്കുമ്പോൾ മടുപ്പ് തോന്നി കോഴ്സ് കളഞ്ഞിട്ടു പോകുന്നവരും ഉണ്ട്. അതുകൊണ്ട് നഴ്സിംഗ് എന്ന പ്രൊഫഷനെ കുറിച്ച് കൃത്യമായ ഒരു ധാരണ ആദ്യം ഉണ്ടാക്കിയെടുക്കുക. എന്നിട്ട് മാത്രം പഠിക്കാൻ ചേരുന്നതിനെ കുറിച്ച് ആലോചിക്കുക..
ആൺകുട്ടികൾ നഴ്സിംഗ് പഠിക്കാൻ ഇറങ്ങുംമുൻപ് നാലുവട്ടം എങ്കിലും ചിന്തിക്കുക. സർക്കാർ സർവ്വീസിൽ പരീക്ഷ എഴുതി കയറാം എന്ന തൻ്റേടമുള്ള ആൺകുട്ടികൾ മാത്രം നഴ്സിംഗ് പഠിക്കാൻ പോവുക. യൂറോപ്പിലും ഗൾഫിലും ഒക്കെ സാധ്യതകൾ ഉണ്ട്. പക്ഷേ കേരളത്തിലെ പ്രൈവറ്റാശുപത്രികളിൽ ഭൂരിപക്ഷവും പുരുഷ നഴ്സുമാരെ ജോലിക്കെടുക്കുന്നില്ല. അതുകൊണ്ടുതന്നെ വിദേശജോലിക്കായി ആവശ്യമുള്ള 3 വർഷത്തെ പ്രവൃത്തിപരിചയം സംഘടിപ്പിക്കുക എന്നത് അൽപം വിഷമമായിരിക്കും.
വെറും ഒരു ജോലി എന്നതിൽ ഉപരിയായി ദൈവികമായ ഈ പ്രൊഫഷനോട് ഒരിഷ്ടം കൂടി ഉള്ളവർക്ക് മാത്രമേ ഈ തൊഴിലിൽ ശോഭിക്കാനാവൂ...
പാരാമെഡിക്കൽ കോഴ്സുകൾക്ക് ചേരുന്നവരും അതാത് മേഖലകളിലെ ഡിഗ്രി കോഴ്സുകൾ തിരഞ്ഞെടുക്കുക. D Pharm, D MLT, DRT തുടങ്ങിയ ഡിപ്ലോമ കോഴ്സുകൾക്ക് ഇനിയത്തെ കാലത്ത് നാട്ടിൽ പോലും ജോലി കിട്ടാൻ സാധ്യത കുറവാണ്. സർക്കാർ സർവ്വീസിലെ ഫാർമസിസ്റ്റുമാരുടെ അടിസ്ഥാനയോഗ്യത ബിഫാം ആക്കാനുള്ള ഫാർമസി കൗൺസിൽ ശുപാർശ പത്രങ്ങളിൽ വായിച്ചതോർമ്മയുണ്ടാകുമല്ലോ... ഭാവിയിൽ അതൊക്കെ നടപ്പാകും.
നഴ്സിംഗ് കഴിഞ്ഞാൽ പിന്നെ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ ഫാർമസി, ലാബ്, xray, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് എന്നിവയാണ്. ഇവയിൽ JHI, JPHN കോഴ്‌സുകൾക്ക് നാട്ടിലെ സർക്കാർ സർവീസിൽ ഉള്ള സാദ്ധ്യതകൾ മാത്രമേ ഉള്ളൂ. പഴയകാലത്ത് ഈ കോഴ്‌സുകൾ സർക്കാർ മേഖലയിൽ മാത്രം എണ്ണപ്പെട്ട സീറ്റുകൾ ആയിരുന്നതിനാൽ പഠിച്ചിറങ്ങുന്ന എല്ലാവർക്കും സർക്കാർ ജോലി കിട്ടിയിരുന്നു. എന്നാൽ ഇന്ന് സ്വകാര്യമേഖലയിലും ഈ കോഴ്‌സുകൾ പഠിപ്പിക്കുന്നുണ്ട്. അതിനാൽ പഠിച്ചിറങ്ങുന്നവരിൽ കഴിവും ഭാഗ്യവും ഉള്ളവർ മാത്രമേ രക്ഷപ്പെടൂ...
ഫാർമസി, ലാബ്, Xray തുടങ്ങിയ പാരാമെഡിക്കൽ കോഴ്‌സുകളിൽ അവയുടെ ഡിഗ്രി കോഴ്‌സുകൾക്ക് മാത്രം ചേരുക..
പാരാമെഡിക്കൽ കോഴ്സുകളുടെ കാര്യത്തിലാണ് ഏറ്റവും വലിയ തട്ടിപ്പ് നടക്കുന്നത് എന്നത് പറയാതെ വയ്യ. ഏതു കോഴ്സിനും ചേരുന്നവർ പ്രസ്തുത കോഴ്സ് അംഗീകാരമുള്ളതാണ് എന്നുറപ്പു വരുത്തുക. കേരളത്തിലെ ചെറിയ പട്ടണങ്ങളിൽ പോലും അംഗീകാരമില്ലാത്ത പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു പൊങ്ങുകയാണ്. ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പിഎസ്സി വഴി ജോലിക്കപേക്ഷിക്കാനോ വിദേശത്ത് ജോലിക്ക് പോകാനോ കഴിയില്ല എന്നത് തിരിച്ചറിയുക. ഫാർമസി അസിസ്റ്റൻ്റ്, ലാബ് അസിസ്റ്റൻ്റ്, എക്സ്റേ അസിസ്റ്റൻ്റ് തുടങ്ങിയ പേരുകളിൽ ഏതെങ്കിലും പ്രൈവറ്റാശുപത്രികളിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യാം എന്ന ഒറ്റഗുണമേ ഇത്തരം കോഴ്സുകൾക്കുണ്ടാവൂ... ഇത്തരവും കോഴ്സുകളിൽ ചേരുന്നവർ പണവും സമയവും മാത്രമല്ല, സ്വന്തം ഭാവി കൂടിയാണ് തുലയ്ക്കുന്നത് എന്നത് വിസ്മരിക്കരുത്. കേരള പിഎസ്സി അംഗീകാരമുള്ളതും എംബസി അറ്റസ്റ്റേഷൻ കിട്ടുന്നതുമായ കോഴ്സുകൾക്ക് മാത്രമേ ചേരാവൂ എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.
ഈയിടെയായി ജൂനിയർ പബ്ലിക് നഴ്സിംഗ് കോഴ്സ് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾ പ്രസ്തുത കോഴ്സ് ജനറൽ നഴ്സിംഗിന് തുല്യമാണ് എന്ന നിലയിൽ വ്യാപകമായി പ്രചരണം കൊടുക്കുന്നുണ്ട്. 100% തെറ്റാണത്. ഈ കോഴ്സ് കഴിഞ്ഞാൽ സർക്കാർ ആശുപത്രികളിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്ന തസ്തികയിൽ മാത്രമേ ജോലി സാധ്യതയുള്ളൂ. കൂടാതെ ഇൻഷുറൻസ് വകുപ്പിൽ ഒഴിവുകൾ വളരെ കുറവായ Auxilliary Nurse എന്ന പോസ്റ്റിലേക്കും അപേക്ഷിക്കാം. വിദേശത്തോ മറ്റെവിടെയുമോ ജോലി സാധ്യതയില്ല. ചില പ്രൈവറ്റാശുപത്രികൾ ഇത്തരം കോഴ്സുകൾ പഠിച്ചവരെ നഴ്സിംഗ് അസിസ്റ്റൻ്റായി എടുക്കുന്നുണ്ട്. എന്നാൽ ന്യൂ ജനറേഷൻ ഹൈടെക് സ്വകാര്യാശുപത്രികളിലും JPHN കോഴ്സ് കഴിഞ്ഞവർക്ക് ജോലിസാധ്യതയില്ല. അതിനാൽ സർക്കാർ ജോലിയിൽ പരീക്ഷയെഴുതി കയറാം എന്ന തൻ്റേടമുള്ളവർ മാത്രം JPHN കോഴ്സ് പഠിക്കുക.
ജനറൽ നഴ്സിംഗ് കഴിഞ്ഞവർ സ്റ്റാഫ് നഴ്സ് എന്ന പോസ്റ്റിലാണ് ജോലിക്ക് കയറുക. ഈ തസ്തികയുടെ അടിസ്ഥാന ശമ്പളം 27800 ആണ്. എന്നാൽ JPHN, JHI, Pharmacist, Lab Technician, Radiographer തുടങ്ങിയ തസ്തികകളുടെ അടിസ്ഥാന ശമ്പളം 22200 മാത്രമാണ്. സ്റ്റാഫ് നഴ്സിന് നിലവിൽ തുടക്കത്തിൽ 34610 രൂപ ശമ്പളം കിട്ടുമ്പോൾ മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് മൊത്തശമ്പളം 27890 ആണ്. ഈ ഒരു പോയിൻ്റ് കൂടി മനസ്സിൽ വച്ച് ഏത് കോഴ്സ് പഠിക്കണം എന്നത് തീരുമാനിക്കുക. എന്നാൽ സ്റ്റാഫ് നഴ്‌സ് ജോലിയെക്കാൾ എളുപ്പം പാരാമെഡിക്കൽ ജോലികൾ ആണ്. ഉത്തരവാദിത്തവും റിസ്കും കുറവാണ്. മാനസിക സമ്മർദ്ദവും കുറവ്..
പ്ലസ്ടു സയൻസ് പഠിച്ചവർ മാത്രം നഴ്സിംഗ് കോഴ്സുകൾക്ക് ചേരുന്നതായിരിക്കും നല്ലത്. കാരണം പ്ലസ്ടു സയൻസ് പഠിക്കാത്തവർക്ക് നഴ്സിംഗ് കോഴ്സ് പഠിച്ചാലും കേരളത്തിൽ ആരോഗ്യവകുപ്പിലോ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലോ സ്റ്റാഫ് നഴ്സ് പോസ്റ്റിലേക്ക് അപേക്ഷിക്കാൻ കഴിയില്ല. സമീപ കാലത്തൊന്നും ഈ വ്യവസ്ഥയിൽ മാറ്റം വരാനുള്ള സാധ്യത കാണുന്നുമില്ല. അതുകൊണ്ട് സയൻസ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടു പാസ്സായവർ മാത്രം നഴ്സിംഗ് കോഴ്സിന് ചേരുക എന്നതാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം. അല്ലാത്തവർ ഗവണ്മെന്റ് നഴ്സിംഗ് സ്കൂളിൽ അഡ്മിഷൻ കിട്ടിയാലും പോകാതിരിക്കുക..
കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, പരിയാരം മെഡിക്കൽ കോളേജുകളിൽ സർക്കാർ മേഖലയിൽ ബിഎസ്സി നഴ്സിംഗ് ഉണ്ട്. കൂടാതെ പ്രൈവറ്റ് നഴ്സിംഗ് കോളേജുകളിലെ 50% സീറ്റുകൾ സർക്കാർ മെറിറ്റിൽ നൽകും. എന്നാൽ ഈ സീറ്റുകളിൽ ഫീസ് ഉണ്ടാകും. കൂടാതെ പ്രൈവറ്റ് കോളേജുകളിലെ മാനേജ്മെൻ്റ് ക്വാട്ട സീറ്റുകളും ഉണ്ട്. സർക്കാർ നഴ്സിംഗ് കോളേജുകൾ ഉൾപ്പെടെ എല്ലാ മെറിറ്റ് സീറ്റുകളിലേക്കും പ്രവേശനം നടത്തുന്നത് LBS center തയ്യാറാക്കുന്ന മെറിറ്റ് പട്ടിക പ്രകാരമാണ്. പ്ലസ്ടു സയൻസ് വിഷയങ്ങളുടെ മാർക്കാണ് പ്രവേശനത്തിന് മാനദണ്ഡമാക്കുന്നത്. ഉടനെതന്നെ LBS center ഇതിനുള്ള അപേക്ഷ ക്ഷണിക്കും.
സർക്കാർ നഴ്സിംഗ് സ്കൂളുകൾ കേരളത്തിലെ 14 ജില്ലകളിലും ഉണ്ട്. കൂടാതെ SC/ST വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് മാത്രമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും കൊല്ലം ആശ്രാമത്തും സർക്കാർ നഴ്സിംഗ് സ്കൂളുകൾ ഉണ്ട്. സർക്കാർ നഴ്സിംഗ് സ്കൂളുകളിലേക്കുള്ള പ്രവേശന വിജ്ഞാപനവും അധികം വൈകാതെ ഉണ്ടാവും. കൂടാതെ സർക്കാർ മെഡിക്കൽ കോളേജുകളിൽ നടത്തപ്പെടുന്ന വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള വിജ്ഞാപനവും ഉടനെ പ്രതീക്ഷിക്കാം.
പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിൽ ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, മൈക്രോബയോളജി, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, അനസ്തേഷ്യ ടെക്നീഷ്യൻ മുതലായ കോഴ്സുകൾ പഠിക്കുന്നവർക്ക് സർക്കാർ മേഖലയിൽ തൊഴിൽ സാധ്യത വളരെ വിരളമാണെന്നതു കൂടി ശ്രദ്ധിക്കുക. എന്നാൽ വിദേശ തൊഴിൽ മാർക്കറ്റിൽ ഈ കോഴ്സുകൾക്കും മിതമായ അവസരങ്ങൾ ഉണ്ട്. ഇതും കൂടാതെ ഫിസിഷ്യൻ അസിസ്റ്റന്റ് പോലെ ചില ന്യൂ ജനറേഷൻ മെഡിക്കൽ റിലേറ്റഡ് ഡിഗ്രി കോഴ്‌സുകളുടെയും പരസ്യങ്ങൾ വളരെ വ്യാപകമായി കാണുന്നുണ്ട്. അവയ്ക്കൊന്നും സർക്കാർ മേഖലയിൽ തൊഴിൽസാധ്യതയില്ല. വിദേശത്തോ അല്ലെങ്കിൽ സ്വകാര്യമേഖലയിലോ ഉള്ള പരിമിതമായ അവസരങ്ങൾ മാത്രം മുന്നിൽകണ്ട് ഭീമമായ തുക മുടക്കി ഇത്തരം കോഴ്‌സുകൾ പഠിക്കുന്നത് ആത്മഹത്യാപരമാണ് എന്നേ ഞാൻ പറയൂ..
ഒരു കാര്യം കൂടി. പ്ലസ്ടു കഴിഞ്ഞാൽ മെഡിസിൻ, എഞ്ചിനീയറിംഗ്, ഡെൻ്റൽ, വെറ്ററിനറി, അഗ്രിക്കൾച്ചർ, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിൽ ഏതെങ്കിലും പഠിച്ചില്ല എങ്കിൽ ജീവിതം പാഴായി എന്നു ചിന്തിക്കുന്നവരോട്.. പ്ലസ്ടു കഴിയുമ്പോൾ മുതൽ റഗുലർ ആയ പരിശീലനത്തോടെ നിങ്ങൾക്ക് കേരള സർക്കാരിൻ്റെ കീഴിലോ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലോ റെയിൽവേയിലോ ഒക്കെ ജോലി കിട്ടാൻ ധാരാളം അവസരങ്ങളുണ്ട്. ബികോം, ബിഎസ്സി, ബിഎ പോലെയുള്ള നിങ്ങൾക്കിഷ്ടപ്പെട്ട ഡിഗ്രി കോഴ്സിന് ചേർന്നുകൊണ്ട് കൂടെ ചിട്ടയായ പിഎസ്സി പരിശീലനവും നടത്തുക. നല്ല ഒരു കോച്ചിംഗ് സെൻ്ററിൽ ഈവനിംഗ് ബാച്ചിൽ ചേരുന്നതും നന്നായിരിക്കും. നന്നായി പഠിച്ചാൽ നല്ല ശമ്പളം കിട്ടുന്നതും അന്തസ്സുള്ളതുമായ നിരവധി ജോലികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അല്ലാതെ ബാങ്കിൽ നിന്ന് ലോകത്തില്ലാത്ത പലിശയ്ക്ക് പൈസയും ലോണെടുത്ത് പ്രൊഫഷണൽ കോഴ്സ് പഠിച്ചാൽ മാത്രമേ ജീവിതമുള്ളൂ എന്ന് ചിന്തിക്കരുത്. കാർലോണിന് 8% പലിശ വാങ്ങുമ്പോൾ വിദ്യാഭ്യാസലോണിന് 16% പലിശ വാങ്ങുന്ന നാടാണിത് എന്നതോർക്കുക. MBBS ഒഴികെയുള്ള ഏത് പ്രൊഫഷണൽ കോഴ്സ് പഠിച്ചാലും അവയ്ക്ക് സർക്കാരിൽ കിട്ടുന്ന അതേ ശമ്പളമോ അതിൽ കൂടുതലോ സാധാരണ ഡിഗ്രി കോഴ്സുകൾ പഠിച്ചാലും നിങ്ങൾക്ക് കിട്ടും എന്നത് ഓർമ്മിപ്പിക്കുന്നു... മാത്രമല്ല മാടിന്റെ മാതിരി ജോലിയും ചെയ്യേണ്ട. അന്തസ്സും കൂടുതൽ ഉണ്ട്. ആശുപത്രിജോലികൾ ഒരു പരിധി വരെ അടിമപ്പണിയാണ്. നാട്ടുകാരുടെയും മേലധികാരികളുടെയും ചീത്തവിളി കേൾക്കണം.
ഓർമ്മിക്കുക. ഇത് കടുത്ത മത്സരത്തിൻ്റെ കാലഘട്ടമാണ്. Survival of the fittest എന്നത് ഏത് മേഖലയിലും ഇപ്പോൾ ബാധകമാണ്. എന്തുകോഴ്സ് പഠിച്ചാലും കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങൾക്ക് ഉയരങ്ങളിലെത്താൻ കഴിയൂ... ഏത് മേഖലകളിലേയും മിടുക്കൻമാർ രക്ഷപെടും. അല്ലാത്തവർ വീണുപോകും. അതുകൊണ്ട് ഏതു കോഴ്സിന് ചേർന്നാലും തുടക്കം മുതലേ കഠിനാധ്വാനം ചെയ്യുക.
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
🌏🌎
🌐🌍
Comments
Post a Comment