#അറിയുക __ വരും ദിനങ്ങളിൽഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സൂര്യതാപം, സൂര്യാഘാതം തുടങ്ങിയവയെ പ്രതിരോധിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ചുവടെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
➡ ധാരാളം വെള്ളം കുടിക്കുകയും എപ്പോഴും കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യണം.
➡ നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കുന്ന മദ്യം പോലെയുള്ള പാനീയങ്ങള്‍ ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതും കനം കുറഞ്ഞതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം.
➡ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുട്ടികളെ പുറത്തിറക്കുന്നത് ഒഴിവാക്കണം. സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യതയും വായു സഞ്ചാരവും ഉറപ്പ് വരുത്തണം. അങ്കണവാടികളില്‍ കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും ഏര്‍പ്പെടുത്തണം.
➡ പ്രായമായവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ രാവിലെ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
➡ നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പോലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധനാ വിഭാഗം, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ സമയങ്ങളില്‍ ആവശ്യത്തിന് വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. പകല്‍ സമയത്ത് സഞ്ചരിക്കുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കണം. ഇവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകളും കൂട്ടായ്മകളും മുന്‍കൈ എടുക്കണം.
➡ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പാലിക്കാന്‍ തൊഴില്‍ ദാതാക്കള്‍ ശ്രദ്ധിക്കണം.
➡ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണലും വെള്ളവും ലഭ്യമാക്കണം. വളര്‍ത്തു മൃഗങ്ങള്‍ക്ക് ചൂടു മൂലം തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ നേരിട്ടാല്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും വൈദ്യസഹായം ലഭ്യമാക്കുകയും വേണം. നിര്‍ജ്ജലീകരണം തടയാന്‍ ഒ.ആര്‍.എസ് ലായനി ഉപയോഗിക്കാം.
കാഴ്ച്ച പരിമിതര്‍ക്കായി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ബ്രെയില്‍ ലിബിയില്‍ തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാം. ശബ്ദ സന്ദേശത്തിനായി sdma.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments
Post a Comment