പാലക്കാട് കോവിൽപ്പാളയം ഗ്രാമം
പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ ഉൾപ്പെടുന്നു. ജില്ലയിലെ ഏറ്റവും പുരാതന ക്രൈസ്തവ കുടിയേറ്റ ഗ്രാമമാണിത്. തെക്കൻ തമിഴ്നാടിന്റെ പല ഭാഗത്തു നിന്നുമുള്ള ക്രൈസ്തവ വിശ്വാസികൾ 1700 കാലഘട്ടങ്ങളിൽ ഇവിടേക്ക് എത്തിയെന്നു പറയുന്നു.പക്ഷെ 1600 കളിൽ നീലഗിരിയിൽ നിന്നുമുള്ള രണ്ടു സുവിശേഷകർ ഇവിടെയെത്തി , പാലക്കാട്ട് തങ്ങളുടെ സുവിശേഷ വേല നടത്തിവന്നിരുന്നു എന്നും പറയുന്നു. സേലം ,തൃശ്ശിനാപ്പിള്ളി, ഡിണ്ടിഗൽ ,ആർക്കാട് തുടങ്ങീ തമിഴ്നാട്ടിൽ നിന്നുള്ള ലത്തീൻ കത്തോലിക്ക വിശ്വാസ കുടിയേറ്റക്കാർ ഫാദർ.ഫ്രാൻസിസ് ബവോനിയുടെ (അമൃതനാഥൻ) നേതൃത്വത്തിൽ കോവിൽ പാളയത്ത് 1760 ൽ എത്തുകയും, അന്നത്തെ പാലക്കാട് രാജാവ് കോവിൽപ്പാളയത്ത് ഇവർക്ക് പള്ളി കെട്ടാനും ,താമസിക്കാനും സ്ഥലസൗകര്യങ്ങൾ നൽകിയത്രേ. പള്ളിയും (തമിഴിൽ കോവിൽ) , പള്ളി വിശ്വാസികളും ഉള്ള സ്ഥലമായതിനാൽ കോവിൽപാളയമെന്ന പേരും വന്നു. നീലഗിരി സുവിശേഷകരുടെ ആഹ്വാനത്തിൽ ഊട്ടി മേഖലയിൽ നിന്നും പിന്നീട് വന്ന വിശ്വാസികൾ പാലക്കാട് നഗരം കേന്ദ്രീകരിച്ച് സെന്റ്.സെബാസ്റ്റ്യൻ പള്ളി പണിത് നഗരത്തിലും, പ്രാന്തത്തിലും കുടിയേറി.തമിഴ്നാടിനോട് അടുത്തു കിടക്കുന്ന കോവിൽ പാളയം ഒരു വരണ്ട മഴനിഴൽ പ്രദേശമായിരുന്നു. കൃഷിയും, മറ്റു ഉപജീവനവഴികളുമില്ലാതെ കോവിൽ പാളയം കുടിയേറ്റക്കാർ പരിസര ഗ്രാമങ്ങളിലേക്കു് പലായന ജീവിതം നടത്തി.ഇപ്രകാരം കഞ്ചിക്കോട്, വാളയാർ, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേൻപതി തുടങ്ങി പാലക്കാടിന്റെ കിഴക്കൻ തമിഴ്നാട് അതിർത്തിഗ്രാമങ്ങളിലെത്തിച്ചേർന്നു. ഇവിടെയും കാലാവസ്ഥ വിഭിന്നമായിരുന്നില്ല. കഷ്ടപ്പെട്ടുള്ള ജീവിതം തന്നെ - ഇന്നും. ജലദൗർലഭ്യത കാരണം നെല്ല് ഒഴികെയുള്ള കൃഷിമാത്രം ശരണം. തമിഴ്ഭാഷയും,വിഭിന്നാചാരരീതികളും ആയുള്ള സങ്കര സാമൂഹ്യ സംസ്കാര ബോധ ശൈലിയിൽ ഇവർ ഇന്നും ഇവിടെ ജീവിക്കുന്നു. എന്നാൽ കേരളത്തിലെ മുഖ്യധാരാ ക്രൈസ്തവ സമൂഹ സങ്കൽപ്പങ്ങൾക്ക് പുറത്തുമാണിവർ. ശരിക്കും പറഞ്ഞാൽ ഊഷ്വരമായ ജന്മങ്ങൾ ആയി മാറി -വരണ്ടു കറുത്ത ഭൂമിക പോലെ. ഇക്കൂട്ടരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കൊഴിഞ്ഞാമ്പാറയ്ക്കടുത്തുള്ള അത്തിക്കോട് സെന്റ്.ആന്റണി പള്ളിയിൽ കഴിഞ്ഞ 250 വർഷങ്ങൾക്ക് മേലായി "മൂൻറു രാജാക്കൾ " (മൂന്നു രാജാക്കൻമാർ എന്ന് മലയാളത്തിൽ) എന്ന തമിഴ് ക്രൈസ്തവനാടകം എല്ലാ പുതുവർഷ വാരത്തിലും മുടങ്ങാതെ നടക്കുന്നു. ജനനശേഷം, കുഞ്ഞുയേശുവിനെക്കണ്ട് സമ്മാനങ്ങൾ കൊടുത്ത് യഹൂദരുടെ രാജാവായി വാഴിക്കാൻ കിഴക്കിലെ മൂന്ന് വാനശാസ്ത്ര നിപുണരാജാക്കൻമാർ ദിവ്യനക്ഷത്രത്തിന്റെ സൂചകത്താൽ വരുന്ന യാത്രാ പരിപാടിയാണ് ഈ നാടക വിശേഷം. ഈ സങ്കര സംസ്കാര കുടിയേറ്റക്കാരുടെ വരുംകാല തലമുറകൾക്കെങ്കിലും മുഖ്യധാരാ പൂർണ്ണത ലഭിക്കുമോ എന്നത് നക്ഷത്ര ദിശാ പ്രത്യാശാനിർഭരമാണ്. ഇവിടെ പ്രാദേശികമായി ഇവർ വണ്ണിയർ എന്നറിയപ്പെടുന്നു. ഇപ്പോഴത്തെ തലമുറക്കാരിൽ 90% പേരും സർക്കാർ വൃത്തിയിലാണ് ജീവിതം നടത്തുന്നത്. താഴെ ചിത്രം: മൂൻറു രാജാക്കൾ ചിത്രം.
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment