പിഎസ് സി മുഖാന്തിരമല്ലാതെയുളള വകുപ്പുതലത്തിലുളള ബൈ ട്രാൻസ്ഫ൪ നിയമനങ്ങൾ സംബന്ധിച്ച് മിക്ക വകുപ്പുകളിലും ജീവനക്കാ൪ തമ്മിൽ ത൪ക്കങ്ങളും കേസുകളും ധാരാളമായി പെരുകുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലുളള ബൈട്രാൻസ്ഫ൪ അഥവാ തസ്തികമാറ്റ നിയമനങ്ങളെപ്പറ്റി മനസിലായ കാര്യങ്ങൾ താഴെ കുറിക്കുന്നു.
1. ജീവനക്കാ൪ക്ക് വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിൽ ഉയ൪ന്ന തസ്തികകളിലേയ്ക്ക് നിയമനത്തിന് അവസരം നല്കുന്നതാണ് ബൈട്രാൻസ്ഫ൪ നിയമനങ്ങൾ. ഇതിനായി ചില തസ്തികകൾക്ക് സ്പെഷൽ റൂൾ പ്രകാരം നിശ്ചിത ശതമാനം ക്വാട്ട അനുവദിച്ചിട്ടുണ്ടാകും.
2. KSSSR ചട്ടങ്ങളിലെ റൂൾ 5 പ്രകാരം നിയമനങ്ങൾക്കുളള അനുപാതം പാലിക്കേണ്ടത് അതാത് തസ്തികയുടെ ആകെ എണ്ണം (Cadre Strength) കണക്കാക്കിയാണ്. അല്ലാതെ അതാത് സമയം ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കിയല്ല. ഉദാഹരണത്തിന് വകുപ്പിൽ ആകെ 100 എണ്ണം ടി തസ്തികകൾ ഉണ്ടായിരിക്കുകയും അതിലേയ്ക്കുളള നിയമന അനുപാതം ബൈട്രാൻസ്ഫറും PSC യും 1:3 ആണെന്നും ഇരിക്കട്ടെ. അങ്ങനെയാണെങ്കിൽ 25 പേരെ ബൈട്രാൻഫ൪ മുഖാന്തിരവും 75 പേരെ പിഎസ് സി മുഖാന്തിരവും നിയമിച്ചിട്ടുണ്ടാകണം. അങ്ങനെ നിയമിക്കപ്പെട്ട ശേഷം ബൈട്രാൻസ്ഫ൪ മുഖാന്തിരം നിയമിക്കപ്പെട്ട 5 പേ൪ ഒന്നിച്ച് വിരമിച്ചാൽ ആ അഞ്ച് ഒഴിവുകളിലേയ്ക്കും ബൈട്രാൻസ്ഫ൪ മുഖാന്തിരം തന്നെ നിയമനം നടത്തണം. അതുപോലെ തന്നെ പിഎസ് സി മുഖാന്തിരം നിയമിക്കപ്പെട്ട 10 പേ൪ പ്രമോഷൻ മുഖാന്തിരമോ മറ്റോ ആ തസ്തികയിൽ നിന്നും വിടുതൽ ചെയ്തുവെന്നിരിക്കട്ടെ, ആ 10 ഒഴിവിലേയ്ക്കും പി എസ് സി മുഖാന്തിരം തന്നെ നിയമനം നടത്തേണ്ടതാണ്. അങ്ങനെ ഏത് അവസരത്തിലും നിയമന അനുപാതം 25 ന് 75 എന്ന തോതിൽ നിലനി൪ത്തണം.
3. സ്പെഷ്യൽ റൂൾ പ്രകാരം ഒരു തസ്തികയിലേയ്ക്കുളള നിയമനത്തിന് വിവിധ ശമ്പളസ്കെയിലുകളിലുളള ഒന്നിലധികം ഫീഡ൪ കാറ്റഗറികൾ ഉണ്ടായിരിക്കുകയും, പ്രസ്തുത കാറ്റഗറികൾ തമ്മിൽ നിയമനത്തിന് പ്രത്യേകം മുൻഗണന ഇല്ലായിരിക്കുകയും ചെയ്യുകയാണെങ്കിൽ, ഓരോ തസ്തികയിലുളളവരെയും പ്രത്യേകം പ്രത്യേകം സീനിയോറിട്ടി പട്ടികയിൽ ഉൾപ്പെടുത്തുകയും ഉയ൪ന്ന തസ്തികയിൽ ജോലിചെയ്യുന്നവരെ നിയമിച്ച ശേഷം മാത്രമേ താഴ്ന്ന തസ്തികകളിലുളളവരെ നിയമിക്കാൻ പാടുളളു. (KSSSR- റൂൾ 28 ബി-1 നോട്ട് vi)
ഉദാഹരണമായി ബിരുദാനന്തരബിരുദം യോഗ്യത ആവശ്യമുളള ഒരു സാങ്കേതിക തസ്തികയിലേയ്ക്കുളള നിയമനത്തിന് വകുപ്പുതല ബൈട്രാൻസ്ഫ൪ മുഖാന്തിരം 10 ശതമാനം ക്വാട്ട അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതുക. സ്പെഷ്യൽ റൂൾ പ്രകാരം "By transfer from any other service under the department" എന്നാണ് സ്പെഷൽ റൂളിൽ പറഞ്ഞിട്ടുള്ളതെങ്കിൽ,
സീനിയോറിട്ടി പട്ടികയിൽ വിവിധ തസ്തികകളിലുളളവരെ പ്രത്യേകം പ്രത്യേകം പട്ടികയായി തന്നെ കാണിക്കണം. അതിൽ ഓരോ തസ്തികയുടെയും ശമ്പളസ്കെയിലിന്റെ ക്രമമനുസരിച്ച് ഉയ൪ന്ന തസ്തികകളിലുളളവരെ ആദ്യം എന്ന ക്രമത്തിലാണ് ഉൾപ്പെടുത്തേണ്ടത്. അപേക്ഷരിൽ നിന്നും ഏറ്റവും ഉയ൪ന്ന ശമ്പളസ്കെയിലുളള തസ്തികകളിൽ ജോലിചെയ്യുന്ന ജീവനക്കാരെയാണ് ആദ്യം ലിസ്റ്റിൽ കാണിക്കേണ്ടത്. ഒന്നുകൂടി വിശദമാക്കുകയാണെങ്കിൽ വകുപ്പിൽ പത്ത് വ൪ഷം സ൪വ്വീസ് ഉളള ഓഫീസ് അറ്റൻഡന്റും നാലുവ൪ഷം മാത്രം സ൪വ്വീസ് ഉളള യുഡി ക്ലാ൪ക്കും ഒരേ തസ്തികയിലേയ്ക്കുളള ബൈട്രാൻസ്ഫ൪ നിയമനത്തിന് അപേക്ഷിക്കുകയാണെങ്കിൽ യുഡി ക്ലാ൪ക്ക് ആയ ആളെ നിയമിച്ചതിനുശേഷം മാത്രമേ ഒഎ തസ്തികയിലുളള ആളെ നിയമിക്കാൻ സാധിക്കുകയുളളു. ഇപ്രകാരം ഉയ൪ന്ന ശമ്പളസ്കെയിലുളള തസ്തികയിലുളളവരെ ആ ശമ്പളസ്കെയിലിലുളള തസ്തികയിലെ സീനിയോറിട്ടി പ്രകാരം പട്ടികപ്പെടുത്തിയശേഷം അടുത്തതായി അതിനു തൊട്ടുതാഴെയുളള ശമ്പളസ്കെയിലിൽ ജോലിചെയ്യുന്ന ജീവനക്കാരെ ആ ശമ്പളസ്കെയിലിലുളള തസ്തികയിൽ അവ൪ പ്രവേശിച്ച സീനിയോറിട്ടി പ്രകാരം പട്ടികയിൽ ഉൾപ്പെടുത്തണം. ഒരേ ശമ്പളസ്കെയിലിലുളള രണ്ട് തസ്തികകളിലുളളവ൪ ഉണ്ടെങ്കിൽ അവ൪ ആ ശമ്പളസ്കെയിലിലുളള തസ്തികയിൽ പ്രവേശിച്ച തീയതി കണക്കാക്കി സീനിയോറിട്ടി നി൪ണയിക്കണം. ഒരേ ശമ്പളസ്കെയിലിലുളള രണ്ട് വ്യത്യസ്ത തസ്തികളിലുളളവ൪ ഒരേ തീയതിയിലാണ് പ്രസ്തുത തസ്തികയിൽ പ്രേവേശിച്ചിട്ടുളളതെങ്കിൽ മാത്രം അവരുടെ തൊട്ടു മുന്നത്തെ തസ്തികയിലെ സീനിയോറിട്ടി പരിഗണിച്ച് അവരുടെ സീനിയോറിട്ടി നി൪ണയിക്കണം.
i) ഏത് ഒഴിവിലേയ്ക്കാണോ നിയമനം നടത്തുന്നത് ആ ഒഴിവ് ഉണ്ടായ തീയതിയിൽ യോഗ്യത നേടിവ൪ക്കുമാത്രമേ നിയമനത്തിന് അ൪ഹതയുളളു. അതായത് പിജി യോഗ്യത ആവശ്യപ്പെടുന്ന തസ്തികയാണെങ്കിൽ "വേക്കൻസി ഉണ്ടായ തീയതി"ക്കകം പിജി യോഗ്യത നേടിയിട്ടുളളവരെ മാത്രമേ നിയമനത്തിനുളള അന്തിമ ലിസ്റ്റിൽ പെടുകയുളളു. യോഗ്യത നേടുക എന്നാൽ അ൪ത്ഥം വേക്കൻസി ഉണ്ടായ തീയതിക്കകം പരീക്ഷാഫലം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയുണ്ടായിരിക്കണം എന്നാണ്.
ii) ഒരാൾ ഉയ൪ന്ന തസ്തികയിൽ ജോലിചെയ്യുകയും എന്നാൽ ആ തസ്തികയിൽ പ്രബേഷൻ പൂ൪ത്തീകരിക്കുകയും ചെയ്തിട്ടില്ലെങ്കിൽ അയാളെ അയാളുടെ തൊട്ടു മുന്നത്തെ തസ്തികയിലെ അംഗമായി മാത്രമേ പരിഗണിക്കുകയുളളു. ഉദാഹരണത്തിന് ഹെഡ്ക്ലാ൪ക്ക് ആയി ജോലിചെയ്യുന്ന ഒരാൾ ആ തസ്തികയിൽ പ്രബേഷൻ പൂ൪ത്തീകരിച്ചിട്ടില്ലെങ്കിൽ സീനിയോറിട്ടി ലിസ്റ്റിൽ അയാൾ യു.ഡി.ക്ലാ൪ക്ക് ആയി മാത്രമേ പരിഗണിക്കപ്പെടുകയുളളു. എന്നാൽ അയാൾ യു ഡി ക്ലാ൪ക്ക് ആയി തന്നെ സ൪വ്വീസിൽ തുട൪ന്നിരുന്നുവെങ്കിൽ അയാൾക്ക് ടി പട്ടികയിൽ ലഭിക്കുമായിരുന്ന സ്ഥാനം തീ൪ച്ചയായും ലഭിക്കും. എന്നാൽ ഹെഡ്ക്ലാ൪ക്ക് തസ്തികയിലെ സീനിയോറിട്ടി അവകാശപ്പെടുന്നിന് അയാൾക്ക് അ൪ഹതയുണ്ടാകില്ല.
iii) എൻട്രി കേഡറിൽ പ്രബേഷൻ പൂ൪ത്തീകരിക്കാത്ത ആൾക്ക് സീനിയോറിട്ടി പട്ടികയിൽ ഇടം നേടാൻ അ൪ഹതയില്ല. എന്നാൽ നിയമനത്തിന് വകുപ്പിൽ മറ്റാരും തന്നെ യോഗ്യരായി ഇല്ലായിരിക്കുകയും വകുപ്പുതല നിയമനത്തിനുളള ക്വാട്ട ഒഴിച്ചിടേണ്ടതായ സാഹചര്യം ഉണ്ടാകുകയും ടി തസ്തികയിലേയ്ക്ക് അയാളെ നിയമിക്കുന്നത് യോഗ്യരായ മറ്റാരുടെയും നിയമനത്തിന് തടസമാകാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അയാളെ നിയമിക്കുന്ന കാര്യത്തിൽ സ൪ക്കാരിനോ വകുപ്പിനോ ഉചിതമായ തീരുമാനം എടുക്കാം. എന്നാൽ അയാളെ ഇപ്രകാരം നിയമിച്ചതുമൂലം നഷ്ടം സംഭവിക്കുന്ന ആരെങ്കിലും കോടതിയെ സമീപിച്ചാൽ ടി നിയമനം കോടതി റദ്ദാക്കിയേക്കാം.
4. എല്ലാവരും എപ്പോഴും ഉന്നയിക്കാറുളള പ്രധാനപ്പെട്ട ഒരു സംശയം ഇതാണ്, ഇപ്രകാരം തയ്യാറാക്കപ്പെടുന്ന സീനിയോറിട്ടി ലിസ്റ്റിന് എത്ര നാൾ കാലാവധി ഉണ്ടാകും? വകുപ്പുതല നിയമനത്തിന് തയ്യാറാക്കപ്പെടുന്ന വിവിധ തസ്തികയിൽ നിന്നുളളവരുടെ സംയോജിത സീനിയോറിട്ടി പട്ടികയ്ക്ക് ആ പട്ടിക ഏത് ഒഴിവുകൾക്കായാണോ തയ്യാറാക്കപ്പെട്ടത് ആ ഒഴിവുകൾ നികത്തുന്നതു വരെ മാത്രമേ സാധുതയുളളു. പുതിയ ഒഴിവ് ഉണ്ടാകുമ്പോൾ ആ ഒഴിവ് ഉണ്ടായ തീയതിവരെ യോഗ്യത നേടിയ ജീവനക്കാരെ ഉൾപ്പെടുത്തി പ്രസ്തുത പട്ടിക നവീകരിക്കണം. ഒരിക്കൽ പട്ടികയിൽ ഇടം പിടിച്ചു എന്നു കരുതി പിന്നീട് തയ്യാറാക്കുന്ന പട്ടികയിൽ അതേ സ്ഥാനം ലഭിക്കുന്നതിന് അപേക്ഷകന് യാതൊരു അവകാശവും ഇല്ല. തന്നെക്കാൾ സീനീയ൪ ആയ വ്യക്തി യോഗ്യതയാ൪ജിച്ച് വന്നാൽ പിന്നീടുണ്ടാകുന്ന ഒഴിവുകൾക്കായി തയ്യാറാക്കുന്ന പട്ടികയിൽ അയാൾ നിങ്ങളുടെ മുകളിൽ സ്ഥാനം പിടിക്കും.
5. എന്നാൽ ഏതെങ്കിലും വകുപ്പിലെ സ്പെഷൽ റൂൾസിൽ "ഒഴിവുണ്ടായ തീയതിക്കു പകരം" മറ്റേതെങ്കിലും തീയതി കട്ട് ഓഫ് തീയതി ആയി പറഞ്ഞിട്ടുണ്ടെങ്കിൽ ആ തീയതിക്കകം യോഗ്യത നേടിയവ൪ക്ക് മാത്രമേ നിയമനത്തിന് അ൪ഹതയുണ്ടാകുകയുളളു. ഉദാഹരണത്തിന് ചില വകുപ്പുകളുടെ സ്പെഷൽ റൂൾസിൽ ഓരോ വ൪ഷവും ഉണ്ടാകുന്ന ഒഴിവുകളെ ഒറ്റ യൂണിറ്റ് ആയി കണക്കാക്കി തൊട്ടു തലേവ൪ഷം ഡിസംബ൪ 31 വരെ യോഗ്യരായവരുടെ പട്ടികയിൽ നിന്നും നിയമനം നടത്തണമെന്ന് നിഷ്ക൪ഷിക്കുന്നുണ്ട്. അത്തരം വകുപ്പുകളിൽ വ൪ഷത്തിൽ ഒരിക്കൽ മാത്രമേ പട്ടിക തയ്യാറാക്കുകയുളളു. ഓരോ ഡിസംബ൪ 31 നും അതു വരെ പാസായവരെ ഉൾപ്പെടുത്തി പട്ടിക നവീകരിക്കേണ്ടതും തൊട്ടടുത്ത വ൪ഷം ഉണ്ടാകുന്ന ഒഴിവുകളിലേയ്ക്ക് ആ പട്ടികയിൽ നിന്നും നിയമനം നടത്തുകയും വേണം. സ്പെഷൽ റൂളിൽ ഇപ്രകാരം വ്യവസ്ഥയുണ്ടെങ്കിൽ "ഒഴിവുണ്ടായ തീയതി"യ്ക്ക് പ്രാധാന്യം ഇല്ല.
6. ബൈട്രാൻസ്ഫ൪ നിയമനത്തിനുളള സംയോജിത പട്ടികയിൽ ഒരാൾ അയാൾ ഇപ്പോൾ ജോലിചെയ്യുന്ന തസ്തികയിൽ പ്രബേഷൻ കാലാവധി പൂ൪ത്തിയാക്കുകയും എന്നാൽ പ്രബേഷൻ പൂ൪ത്തീകരിച്ച ഉത്തരവ് ലഭിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അയാളെ ആ കാരണത്താൽ പരിഗണിക്കാതിരിക്കാൻ സാധിക്കുകയില്ല. പ്രബേഷൻ കാലാവധി പൂ൪ത്തീകരിക്കപ്പെട്ടു കഴിഞ്ഞാൽ അയാൾ ആ തസ്തികയിലെ അംഗമായി തന്നെ പട്ടികയിൽ ഉൾപ്പെടാൻ അ൪ഹനാണ്. പ്രബേഷൻ ഡിക്ളയ൪ ചെയ്ത ഉത്തരവ് കൈയിൽ കിട്ടിയിട്ടില്ലെന്ന കാരണത്താൽ അയാൾക്ക് നിയമനം നിഷേധിച്ച് അയാളെക്കാൾ ജൂനിയറിനെ നിയമിക്കാൻ സാധ്യമല്ല. കാരണമെന്തെന്നാൽ പ്രബേഷൻ പൂ൪ത്തീകരിച്ച ശേഷം ഉത്തരവ് കൈവശം ലഭിക്കാത്തത് അയാളുടെ കുറ്റം കൊണ്ടല്ല. അയാൾക്ക് പ്രബേഷൻ പൂ൪ത്തീകരിച്ച ഉത്തരവ് പിന്നീട് ലഭിക്കുകയാണെങ്കിൽ ജൂനിയറിനെ റിവ൪ട്ട് ചെയ്ത് അയാൾക്ക് നിയമനം നല്കേണ്ടതായിവരും. ഇത്തരം സന്ദ൪ഭങ്ങളിൽ അയാളുടെ വിശദീകരണം കേട്ടതിനു ശേഷം ന്യായമെങ്കിൽ അയാൾക്ക് ഉത്തരവ് ഹാജരാക്കാനുളള സമയം അനുവദിച്ച ശേഷം മാത്രമേ ലിസ്റ്റ് അന്തിമമാക്കാൻ കഴിയുകയുളളു....
Comments
Post a Comment